താമരശ്ശേരി: ചിപ്പിലിത്തോട്ടിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി റബർ, തെങ്ങ്, കമുങ്ങ്, ജാതി, കൊക്കോ, വാഴ തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുന്നത് പതിവായിട്ടും വനം വകുപ്പിൻ്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകന്നില്ലെന്ന് ആക്ഷേപം.
ചിപ്പിലി തോട് കൂരോട്ടുപാറ,കണ്ടപ്പൻചാൽ,തുഷാരഗിരി അടക്കമുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏക്കർ കണക്കിന് കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുള്ളത്.
ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകർ നിരവധി തവണ പരാതിപ്പെട്ടിട്ടും സർക്കാരിന്റെയോ,ഫോറസ്റ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ആനക്കു പുറമെ കുരങ്ങുകളുടെ ആക്രമണവും കാട്ടു പന്നിശല്ല്യവും വ്യാപക മാണ്. കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ കാർഷിക വിളകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചിട്ടുള്ളത്. ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായിട്ടും അധികൃതർ തികഞ്ഞ നിസ്സംഗത തുടരുകയാണ്. ഇതിന് അടിയന്തിരമായി പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലങ്കിൽ വരും ദിവസങ്ങളിൽ പ്രദേശത്തെ കർഷകരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി വൻ പ്രക്ഷോഭ പരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിടത്തിൽ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. മാജുഷ് മാത്യു ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ് തമ്പി, ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ, ബോസ് ജേക്കബ്, സണ്ണി കാപ്പാട്ട്മല, ബാബു പട്ടരാട്ട് തുടങ്ങിയവർ നേതൃത്യം നൽകി.
0 Comments