കനത്ത മഴയിൽ മലയോരത്ത് വൻ നാശനഷ്ടങ്ങൾ




ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിൽ

താമരശ്ശേരി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മലയോരത്ത് വൻ നാശനഷ്ടം. പുഴകളിലും തോടുകളിലും വെള്ളം കവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപത്തെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ മിക്ക റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതവും ദുഷ്കരമായി. കനത്ത മഴയെ തുടർന്ന് ചുരത്തിൽ മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ആറാം വളവിനും ഏഴാം വളവിനുമിടയിൽ റോഡിലേക്ക് മരം വീണത്. ഹൈവെ പൊലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ഫയർ ഫോഴ്സും എത്തി മരം മുറിച്ചു നീക്കിയശേഷം നാലരയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കനത്ത മഴയിൽ അടിവാരം പൊട്ടിക്കൈ കോളനിയിൽ വൻ നാഷ്ടമാണുണ്ടായത്. കോളനിയിലെ താമസക്കാരായ പ്രഭാകരൻ, ബാലകൃഷ്ണൻ എന്നിവരുടെ വീടിന് മുകളി ലേക്ക് മരം കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചു. കോളനിയിലെ ദുർഗ്ഗാദേവി ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു. മരം വീണ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മരങ്ങൾ മുറിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കുന്നതിന് ചുരം സംരക്ഷണ സമിതി ഭാരവാഹികളായ വി കെ മൊയ്തു, പി കെ സുകുമാരൻ, വി കെ താജു എന്നിവരുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളും, കോളനിവാസികളും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ കാലങ്ങളിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ കടുത്ത ദീതിയിലാണ്.


Post a Comment

0 Comments