പുതുപ്പാടി: വള്ളിയാട് ഉരുൾപൊട്ടി; പശുക്കൾ മണ്ണിനടിയിൽ - ദേശീയപാതയിലും സംസ്ഥാന പാതയിലും വെള്ളക്കെട്ട് - മണ്ണിടിഞ്ഞ് നിരവധി വീടുകൾ ഭീഷണി നേരിടുന്നു - വൈദ്യുതി ബന്ധം നിലച്ചു - ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
താമരശ്ശേരി :കനത്ത മഴയിൽ പുതുപ്പാടി കൈതപ്പൊയിൽ വള്ളിയാട് ആനോറയുണ്ടായ ഉരുൾപൊട്ടലിൽ പശു ഫാം തകർന്നു. അഞ്ചു പശുക്കൾ മണ്ണിനടിയിലായി. ആനോറ അബ്ദുറഹിമാൻ്റെ പശുക്കളാണ് മണ്ണിനടിയിൽപ്പെട്ടത്. കൈതപ്പൊയിൽ വള്ളിയാട് റോഡ് ആനോറ ഭാഗത്ത് 200 മീറ്ററോളം റോഡ് തകർന്നു. റബർമരങ്ങളും കാർഷിക വിളകളും നശിച്ചു. വൈദ്യുതി തൂണുകളും തകർന്നു. സമീപത്തെ രണ്ടു വീടുകളിലേക്ക് മണ്ണ് ഒലിച്ചുചാടി. നിർമാണത്തിലിരിക്കുന്ന ആനോറ പ്രകാശൻ്റെ വീടിന് മീതെ മണ്ണിടിഞ്ഞു വീണു. തിങ്കളാഴ്ച രാത്രി രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്തെ ഏഴു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുപ്പാടി കാരക്കുന്നുമ്മൽ വയോധികരായ പ്രകാശൻ ജാനു എന്നിവരുടെ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു. കട്ടിപ്പാറ അമരാട് നിരവധി ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വീടുകൾ അപകട ഭീഷണി നേരിടുകയാണ്. വെള്ളം കുത്തിയൊലിച്ച് അമരാട് റോഡും തകർന്നു. കനത്ത മഴയെ തുടർന്ന് മലയോരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പുഴകളിൽ വെള്ളം കരകവിഞ്ഞൊഴുകിയതോടെ പുഴയയോരത്തെ വീടുകളിലെല്ലാം വെള്ളം കയറി. ചില കുടുംബങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ ഒറ്റപ്പെട്ട നിലയിലായി. ദേശീയപാതയിലും സംസ്ഥാന പാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹന യാത്രയും തടസപ്പെട്ടു. ദേശീയപാതയിൽ വാവാട് സെൻ്ററിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ അണ്ടോണ മാനിപുരം വഴിയാണ് കടന്നുപോയത്. ദേശീയപാതയിൽ ഈങ്ങാപ്പുഴ അങ്ങാടിയിൽ ഞാറാഴ്ചയുണ്ടായ കനത്ത മഴയിൽ വെള്ളം കയറിയത് വലിഞ്ഞിറങ്ങിയിട്ടില്ല. ചുരം എട്ടാം വളവിൽ മുകളിൽ ഇന്നലെ പുലർച്ചെ ഇടിഞ്ഞു വീണ മണ്ണ് ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് നീക്കം ചെയ്തു. മേപ്പാടി ദുരന്ത പാശ്ചാത്തലത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടതിനാലും, രക്ഷാപ്രവർത്തനത്തിനായുള്ള യന്ത്രസാമഗ്രികൾ വയനാട്ടിലേക്ക് കൊണ്ടുപോകേണ്ടതിനാലും വാഹനങ്ങൾക്ക് താമരശ്ശേരി ചുരം വഴി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. കനത്ത മഴയെ തുടർന്ന് മലയോരത്ത് ജനജീവിതം ദുരിതമായി മാറുകയാണ്.
0 Comments