താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. മാത്യു ഓണയാത്തൻ കുഴി (92) നിര്യാതനായി. കോഴിക്കോട് ഗുഡ്ഷെപ്പേർഡ് വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
1932 ഒക്ടോബർ 17ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഇടവ കയിൽ ജനിച്ചു. പരേതരായ വർഗ്ഗീസ് - ഏലി ദമ്പതികളുടെ ഏഴ് മക്കളിൽ നാലാമനാണ്. പഴയിടം എൽ.പി., യൂ.പി. ചേന പ്പാടി യു.പി. സ്കൂൾ, ചിറക്കടവ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാലാ രൂപതയുടെ കുമ്മണ്ണൂരുള്ള മൈനർ സെമിനാരിയിൽ പൗരോഹിത്യ പരിശീലനം ആരംഭിച്ചു. തുടർന്ന് ആലുവ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ തത്വ ശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ നേടി. 1964 മാർച്ച് 13ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
1964ൽ അഭിഭക്ത തലശ്ശേരി അതിരൂപതയിലെ കുളത്തുവയൽ ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി. തുടർന്ന് പെരുവണ്ണാമൂഴി, പൈസക്കരി, ചെറുപുഴ, നെല്ലിക്കാംപൊ യിൽ, വിമലശ്ശേരി, വെള്ളരിക്കുണ്ട്, പന്തല്ലൂർ, കാളികാവ് , അടയ്ക്കാക്കുണ്ട്, ഈരുട്, തേക്കുംകുറ്റി, പശുക്കടവ്, വിളക്കാംതോട്, കാറ്റുള്ളമല, കക്കയം, കട്ടിപ്പാറ എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതിക ദേഹം അന്തിമോപചാരങ്ങൾക്കായി ചൊവ്വാഴ്ച രാവിലെ 11 വരെ, കോഴിക്കോട്, പി.എം.ഒ.സി.യിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 9.30ന് പഴയിടത്തുള്ള ഭവനത്തിൽ ആരംഭിക്കുന്നതും, രാവിലെ 10ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം സെൻ്റ് മൈക്കിൾസ് പള്ളിയിൽ വി. കുർബ്ബാനയോടെ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം പഴയിടം പള്ളി സെമിത്തേരിയിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.
0 Comments