താമരശ്ശേരി: പെയിൻ ആൻ്റ് പാലിയേറ്റീവിൻ്റെയും ലിസ്സാ കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കിടപ്പു രോഗികൾക്കായി പാലിയേറ്റീവ് സ്നേഹ സംഗമം സംഘടിപ്പിച്ചു. അപകടത്തെ തുടർന്നും മസ്തിഷ്കാഘാതം മൂലവും ഗുരുതര രോഗങ്ങളാലും വീൽ ചെയറിലും കിടപ്പിലായവർക്കുമായി സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമം വേറിട്ട അനുഭവമായി. രോഗം മറന്ന് പലരും പാട്ടും കലാപരിപാടികളും അവതരിപ്പിച്ചു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും ഉപഹാര വിതരണം ലിസ്സാ കോളേജ് ഡയരക്ടർ ഫാ. നിജു തലച്ചിറ നിർവഹിച്ചു. പാലിയേറ്റീവ് കെയർ പ്രസിഡണ്ട് പി ഡി ബേബി പാറക്കൽ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ' ഒരു കൈത്താങ് ' എന്ന പേരിൽ വിദ്യാർഥികൾ സമാഹരിച്ച തുകയും ചടങ്ങിൽ കൈമാറി. ലിസ്സാ കോളേജിലെ എംഎസ്ഡബ്ല്യു വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സെക്രട്ടറി പി പി ബാബു സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.
0 Comments