അടിവാരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി ഉൾപ്പടെ നാലു പേർ അറസ്റ്റിൽ

   


താമരശ്ശേരി : അടിവാരത്ത് നിന്നും മൊബൈൽ ഷോപ്പുടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രധാന പ്രതികൾ ഉൾപ്പടെ നാലുപേർ പിടിയിൽ. താമരശ്ശേരി അമ്പായത്തോട് മലയിൽ അൽഷാജ് ( 27), കൊടുവള്ളി വാവാട് പുത്തൻവീട്ടിൽ ജാബിർ(35), കൊടുവള്ളി വാവാട് കണ്ണാടിപ്പൊയിൽ നവാസ് (26), താമരശ്ശേരി അമ്പായത്തോട് മുഹമ്മദ് ജനീസ് (24) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. അൽഷാജിനെ മലപ്പുറം കോട്ടക്കലിൽവെച്ചും മറ്റു മൂന്ന് പ്രതികളെ വയനാട് വൈത്തിരിയിൽ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. 

പത്ത് പേരടങ്ങുന്ന സംഘമാണ് ഹർഷാദിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ഈങ്ങാപ്പുഴ പൂലോടുള്ള ഭാര്യ വീട്ടിൽ നിന്ന് ഹർഷാദ് പുറത്ത് പോയത്. ഫോൺ വന്നതിനെ തുടർന്ന് അടിവാരം വരെ പോകുകയാണെന്നും ഉടൻ വരാമെന്നും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നിട് തിരിച്ചെത്തിയില്ലെന്ന് ഭാര്യ താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിൻ്റെ അന്വേഷണത്തിൽ താമരശ്ശേരി കാരാടിയിലുള്ള ഒരാളുമായി പത്ത് ലക്ഷത്തിൻ്റെ ഇടപാടുള്ളതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. നേരത്തെ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ഹർഷാദുമായി താമരശ്ശേരി സ്വദേശികളായ ചിലരുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇവർ ഹർഷാദ് മുഖേന മറ്റൊരാൾക്ക് കൈമാറിയ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. ഈ പണം ആവശ്യപ്പെട്ട് സംഘം പല തവണ സമീപിച്ചിരുന്നു . ഇതിൻ്റെ പിന്നാലെയാണ് ഹർഷാദിനെ ഫോണിൽ വിളിച്ച് വരുത്തിയ ശേഷം സംഘം തട്ടിക്കൊണ്ട് പോയത്. 

മിനിലോറിയുൾപ്പടെ ഉപയോഗിച്ച് കാർ വളഞ്ഞ ശേഷമാണ് ഹർഷാദിനെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റിക്കൊണ്ടുപോയി വൈത്തിരിയിലെ രണ്ടു റിസോർട്ടുകളിലായി താമസിപ്പിച്ചു. സംഘത്തിന് നഷ്ടപ്പെട്ട പണം ഭീഷണിപ്പെടുത്തി ബന്ധുക്കളിൽ നിന്നും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. സംഭവം മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസിലാക്കിയ സംഘം ഹർഷാദിനെ തിങ്കളാഴ്ച രാത്രി വൈത്തിരി റിസോർട്ടിന് സമീപം റോഡരികിൽ ഇറക്കിവിടുകയായിരുന്നു. ഹർഷാദിൽ നിന്നും 26,000 രൂപയും മൊബൈൽ ഫോണും സംഘം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഹർഷാദിനെ ഇന്നലെ ഉച്ചയോടെ താമരശ്ശേരി ജെഎംഎഫ്സി കോടതിയിൽ ഹാജരാക്കി മൊഴി എടുത്തശേഷം മജിസ്ട്രേറ്റ് വീട്ടിലേക്കയച്ചു. 

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദിൻ്റെ മേൽനോട്ടത്തിൽ താമരശ്ശേരി എസ്എച്ച്ഒ സായൂജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments